കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 9

സാമൂഹ്യ ക്ഷേമപദ്ധതികൾ

ഭൂരഹിതരില്ലാത്ത കേരളം : ഭൂമിയില്ലാത്ത ദുര്‍ബലരായവര്‍ക്ക്‌ ഭൂമി പ്രദാനം ചെയ്യുന്നതിനായി 2013ല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി.

മന്ദഹാസം : വയോജനങ്ങള്‍ക്ക്‌ കൃത്രിമ ദന്തം നല്‍കുന്നതിനുള്ള സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി

മധുമുക്തി : കുടുംബങ്ങളില്‍ ലഹരി ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന അസ്വാരസ്യങ്ങളും തകര്‍ച്ചകളും ഇല്ലായ്മ ചെയ്യുകയാണ്‌ മധുമുക്തി എന്ന പരിപാടി കൊണ്ട്‌ ലക്ഷ്യമിടുന്നത്‌.

മഴപ്പൊലിമ : മഴവെള്ളം സംഭരിച്ചുവെച്ച്‌ ആവശ്യാനുസരണം ഉപയോഗിക്കുന്നതിന്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ ആവിഷ്കരിച്ചിട്ടുള്ള പദ്ധതി. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തുടങ്ങിയ പദ്ധതി പ്രകാരം വീടുകളിലെ മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം ചെറുപൈപ്പുകള്‍ ഉപയോഗിച്ച്‌ കിണറുകളില്‍ ശേഖരിക്കുകയാണ്‌ ചെയ്യുന്നത്‌.

മഹിളാമന്ദിരം : വിധവകള്‍, വിവാഹമോചിതര്‍, അഗതികളായ സ്ത്രീകള്‍ എന്നിവര്‍ക്ക്‌ താമസസൌകര്യമൊരുക്കുന്ന സ്ഥാപനം. ആറ്‌ വയസ്സുവരെയുള്ള കുട്ടികളെ കൂടെതാമസിപ്പിക്കാം. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും മഹിളാമന്ദിരമുണ്ട്‌.

മാതൃയാനം : പ്രസവത്തിനുശേഷം മാതാവിനെയും കുഞ്ഞിനെയും തിരികെ വീട്ടില്‍ എത്തിക്കുന്ന പദ്ധതി.

മാതൃജ്യോതി : കാഴ്ചവൈകല്യമുള്ള അമ്മമാര്‍ക്ക്‌ നവജാത ശിശുവിന്റെ പരിചരണത്തിന്‌ 2000 രൂപ ധനസഹായം നല്‍കുന്ന പദ്ധതി.

മിശ്രവിവാഹ ധനസഹായ പദ്ധതി: 22,000 രൂപയ്ക്കു താഴെ വാര്‍ഷിക വരുമാനമുള്ള വിവാഹം കഴിഞ്ഞ്‌ മുന്ന്‌വര്‍ഷം കഴിയാത്തവര്‍ക്കാണു സഹായം അനുവദിക്കുന്നത്‌. 30,000 രൂപ വരെ ധനസഹായം നല്‍കും.

മിത്ര 181: അടിയന്തരഘട്ടങ്ങളിലും അല്ലാത്തപ്പോഴും സ്ത്രീകള്‍ക്കു വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നസംവിധാനം. വനിതാ വികസന കോര്‍പ്പറേഷന്റെ ഏകോപനത്തില്‍ 181 എന്ന ടോള്‍ ഫ്രീ നമ്പര്‍ പ്രവര്‍ത്തിക്കുന്നു. വിദഗ്ധ പരിശീലനം നേടിയ വനിതകളെയാണ്‌ 24മണിക്കൂറും സ്ത്രീ പക്ഷ സേവനങ്ങള്‍ക്കായുള്ള ഹെല്‍പ്പ്‌ലൈന്‍ നടത്തുന്നതിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്‌.

മീഡിയാശ്രീ: കുടുംബശ്രീ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മാധ്യമ സംരംഭം. തിരഞ്ഞെടുത്ത അംഗങ്ങള്‍ക്ക്‌ ഇതിനായി പരിശീലനം നല്‍കി റിപ്പോര്‍ട്ടര്‍മാരായി നിയോഗിച്ചുകൊണ്ട്‌ വാര്‍ത്താ ക്രോഡീകരണം നടത്തുക എന്നതാണ്‌ ലക്ഷ്യം.