ബ്രിട്ടീഷ് ഇന്ത്യയിലെ കലാപങ്ങള്‍ – പ്രധാന വസ്തുതകൾ Part 1

psc

കര്‍ഷക കലാപങ്ങള്‍

കര്‍ഷകരാണ്‌ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ആദ്യകാല ചെറുത്തുനില്‍പ്പുകളില്‍ മുഖ്യപങ്കു വഹിച്ചത്‌. ബ്രിട്ടീഷുകാരുടെ പുതിയ ഭൂനികുതി വ്യവസ്ഥകളും അവരുടെ പിന്തുണയോടെ ജമീന്ദാര്‍മാരും തോട്ടമുടമകളും ഹുണ്ടികക്കാരും നടത്തിയ ചൂഷണവുമാണ്‌ കര്‍ഷക കലാപങ്ങള്‍ക്ക്‌ കാരണമായത്‌. പല കര്‍ഷക
കലാപങ്ങള്‍ക്കും നേതൃത്വം നല്‍കിയത്‌ മതനേതാക്കൾ ആയിരുന്നതിനാല്‍ മതപരമായ ഒരു പരിവേഷവും കര്‍ഷകകലാപങ്ങള്‍ക്ക്‌ ഉണ്ടായിരുന്നു.

1. സന്ന്യാസി ലഹള

ബംഗാളിലെ നാടോടികളായ ഭിക്ഷുക്കളായിരുന്ന സന്ന്യാസിമാര്‍ 1763-1800 കാലയളവിലാണ്‌ ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയത്‌. മുന്‍പ്‌ കാര്‍ഷിക വൃത്തി ചെയ്ത്‌ ജീവിച്ചിരുന്ന സന്ന്യാസിമാര്‍, അവരുടെ ഭൂമികളില്‍നിന്നും കുടിയൊഴിപ്പിക്കപ്പെട്ടതോടെ ഭിക്ഷാടകരായി മാറുകയായിരുന്നു. പുണ്യസ്ഥലങ്ങള്‍
സന്ദര്‍ശിക്കുന്നതില്‍ ബ്രിട്ടിഷുകാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണ്‌ സന്ന്യാസി കലാപം പൊട്ടിപ്പുറപ്പെടാന്‍ പെട്ടെന്നുണ്ടായ കാരണം. 1763 ല്‍ വടക്കന്‍ ബംഗാളിലാണ്‌ കലാപം ആരംഭിച്ചത്‌.
ബ്രിട്ടീഷ്‌ ഭരണത്തിന്റെ ഫലമായി ഭൂമിയും ഉദ്യോഗവും കിടപ്പാടവും നഷ്ടപ്പെട്ട കര്‍ഷകര്‍ ഉള്‍പ്പെടുന്ന ജനവിഭാഗങ്ങളെ സംഘടിപ്പിച്ചായിരുന്നു ഈ കലാപം. രംഗപൂര്‍, ധാക്ക, ബോഗ്ര, മിമന്‍സിങ്‌ എന്നിവയായിരുന്നു സന്ന്യാസികലാപത്തിന്റെ പ്രധാന വേദികള്‍. സന്ന്യാസികലാപം അടിച്ചമര്‍ത്താന്‍ ദീര്‍ഘകാലത്തെ സൈനിക നടപടികള്‍ ബ്രിട്ടീഷുകാര്‍ക്ക്‌ വേണ്ടിവന്നു.

2. കലാപത്തിന്റെ കഥപറഞ്ഞ ആനന്ദമഠം

ബംഗാളിലെ സന്ന്യാസി കലാപം പ്രമേയമാക്കിയുള്ള ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ കൃതിയാണ്‌ “ആനന്ദമഠം”. ഇന്ത്യന്‍ നാട്ടുഭാഷയില്‍ എഴുതപ്പെട്ട ആദ്യത്തെ നോവലാണ്‌ ഈ ബംഗാളി കൃതി. 1881 ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിന്റെ ഇതിവൃത്തം ശത്രുക്കള്‍ക്കെതിരെ പോരാടിയ ആനന്ദന്‍മാര്‍ എന്നറിയപ്പെടുന്ന കാളിദേവിയുടെ പോരാളികളുടെ കഥയാണ്‌. ആനന്ദന്‍മാര്‍ ശത്രുക്കള്‍ക്കെതിരെ മുന്നേറുമ്പോള്‍ വിളിച്ചിരുന്നമുദ്രാവാക്യമാണ്‌ “വന്ദേമാതരം”.

3. ഫക്കിര്‍മാരുടെ പോരാട്ടം

മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട ബംഗാളിലെ ഫക്കിര്‍മാര്‍ 1776-77 ലാണ്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപം നടത്തിയത്‌. സന്ന്യാസിമാരെപ്പോലെ ഭിക്ഷാടനം ജീവിതമാര്‍ഗമാക്കിയിരുന്ന ഫക്കിര്‍മാരില്‍ ഭൂരിഭാഗവും കുടിയൊഴിപ്പിക്കപ്പെട്ട കര്‍ഷകരായിരുന്നു. ബംഗാളിലും ബിഹാറിലുമായി നാടോടിജീവിതം നയിച്ചുപോന്ന ഫക്കീര്‍മാര്‍ 5000 മുതല്‍ 7000 വരെ വരുന്ന വലിയ സംഘങ്ങളായിട്ടാണ്‌ കഴിഞ്ഞത്‌. ഫക്കിര്‍മാരുടെ ആദ്യകാല നേതാവ്‌ മജ്നു ഷാ ആയിരുന്നു.
മജ്നു ഷായുടെ മരണശേഷം ഫക്കിര്‍മാരെ നയിച്ചത്‌ ചിരാഗ്‌ അലി ഷാ ആയിരുന്നു. 1776 ലാണ്‌ ഫക്കിര്‍മാര്‍ കലാപം ആരംഭിച്ചത്‌. ഇംഗ്ലീഷുകാരുടെ ഫാക്ടറികള്‍ ആക്രമിച്ച്‌ ആയുധങ്ങളും പണവും കൊളളയടിച്ച ഫക്കിര്‍മാര്‍ ഗറില്ലാ മാതൃകയിലാണ്‌ ആക്രമണങ്ങള്‍ സംഘടിപ്പിച്ചത്‌. കലാപത്തില്‍ പത്താന്‍മാര്‍, രജപുത്രന്‍മാര്‍, ജോലിയില്ലാതായ സൈനികര്‍ എന്നിവരുടെ പിന്തുണയും ഫക്കിര്‍മാര്‍ക്ക്‌ ലഭിച്ചു. ഫക്കിര്‍ കലാപം വിവിധ സ്ഥലങ്ങളില്‍ നയിച്ച ഹിന്ദുക്കളായിരുന്നു ഭവാനിപഥക്ക്‌, ദേവി ചൗധരാണിഎന്നിവര്‍.

4. നീലംകര്‍ഷകരുടെ സമരം

1859-60 ലെ നീലംകര്‍ഷകരുടെ സമരത്തിന്‌ വേദിയായത്‌ ബംഗാളാണ്‌. ബ്രിട്ടീഷ്‌ തോട്ടമുടമകളുടെ നിര്‍ബന്ധത്തിനു വഴങ്ങി നീലം കൃഷിചെയ്യേണ്ടിവന്ന കര്‍ഷകര്‍ക്ക്‌ കടുത്ത നഷ്ടമുണ്ടായി. നാദിയ ജില്ലയിലെ ഗോവിന്ദ്പൂര്‍ ഗ്രാമത്തിലാണ്‌ 1859 ല്‍ നീലംകര്‍ഷകരുടെ കലാപം ആരംഭിച്ചത്‌. ദിഗംബര്‍ ബിശ്വാസ്‌, ബിഷ്ണുചരണ്‍ ബിശ്വാസ്‌ എന്നിവരാണ്‌ നേതൃത്വം നല്‍കിയത്‌. കലാപത്തെ തുടര്‍ന്ന്‌ 1860ല്‍ നീലം
കമ്മീഷനെ നിയമിച്ച്‌ അന്വേഷണം നടത്താന്‍ ബ്രിട്ടിഷുകാര്‍ നിര്‍ബന്ധിതരായി. “നീല്‍ബിദ്രോഹ” എന്ന പേരിലും നീലംകര്‍ഷകരുടെ കലാപം അറിയപ്പെടുന്നു.

5. ഫാഡ്ക്കെയുടെ സമരങ്ങള്‍

ബ്രിട്ടീഷ്‌ നയങ്ങളുടെ ഫലമായി കര്‍ഷകര്‍ അനുഭവിച്ച യാതനകളില്‍ പ്രതിഷേധിച്ചവരില്‍ പ്രമുഖനായിരുന്നു വാസുദേവ്‌ ബല്‍വന്ത്‌ ഫാഡ്ക്കെ. ബ്രിട്ടീഷുകാർക്കെതിരെ സായുധസമരം ആഹ്വാനം ചെയ്ത ‘റാമോഷി’ പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു. “ഇന്ത്യന്‍ സായുധ സമരത്തിന്റെ പിതാവ്‌” എന്നദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്‌. വിധ്വംസക പ്രവര്‍ത്തനം ആരോപിച്ച്‌ ബ്രിട്ടീഷുകാര്‍ പിടികൂടിയ ഫാഡ്ക്കെയെ പിന്നീട്‌ ഏദനിലെ ജയിലിലേക്ക്‌ നാടുകടത്തി. ജയിലില്‍ നിരാഹാരസമരം അനുഷ്ഠിച്ചാണ്‌ അദ്ദേഹം അന്തരിച്ചത്‌.

6. ഡെക്കാന്‍ കലാപം

ഡെക്കാന്‍ മേഖലയിലെ പൂനെ, സത്താറ, നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകര്‍ 1875 ലാണ്‌ കലാപം ആരംഭിച്ചത്‌. കൊള്ളപ്പലിശക്കാരുടെ പക്കല്‍നിന്നും രേഖകള്‍ തട്ടിയെടുത്ത്‌ നശിപ്പിക്കുക എന്നതായിരുന്നു കലാപത്തിന്റെ മുഖ്യലക്ഷ്യം. കലാപത്തെപ്പറ്റി അന്വേഷിക്കാനായി 1878 ബ്രിട്ടിഷുകാര്‍ ഡെക്കാന്‍ റയറ്റ്‌ കമ്മീഷനെ നിയമിച്ചു.

7. നീല്‍ ദര്‍പ്പണ്‍

ദീനബന്ധു മിത്ര രചിച്ച നാടകമായ “നീല്‍ ദര്‍പ്പണ്‍” 1860 ല്‍ ധാക്കയിലാണ്‌ പുറത്തിറക്കിയത്‌. ബംഗാളിലെ നീലം കര്‍ഷകരുടെ ദുരിതങ്ങളാണ്‌ ഈ നാടകം
മുന്നോട്ടുവെക്കുന്നത്‌.

8. പാബ്നപ്രസ്ഥാനം

കിഴക്കന്‍ ബംഗാളില്‍ സെമിന്ദാര്‍മാരുടെ ചൂഷണങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ കര്‍ഷകര്‍ രൂപംനല്‍കിയതാണ്‌ പാബ്ന പ്രസ്ഥാനം. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയത്‌ 1873-76 കാലത്താണ്‌. ഇഷാന്‍ചന്ദ്ര റോയ്‌, ഷംബു പാല്‍, ഖൂഡി മുല്ല എന്നി വരായിരുന്നു പ്രമുഖ നേതാക്കള്‍.




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.