ബിഎസ്‌സി കംപ്യൂട്ടർ സയൻസിൽ ആണോ ബിരുദം?; അഭിരുചിക്കനുസരിച്ച് ഉപരി പഠനത്തിന് തിരഞ്ഞെടുക്കാം ഈ കോഴ്സുകൾ…
ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബിസിഎ, ബിഎസ്‌സി ഐടി എന്നിവയെല്ലാം സമാന ഉള്ളടക്കമുള്ള പ്രോഗ്രാമുകളാണ്. ബിരുദ പഠന ശേഷമോ പഠനത്തോടൊപ്പമോ നെറ്റ്‌വർക്കിങ്, ഡേറ്റാബേസ് അഡ്മിനിസ്ട്രേഷൻ, സാപ് (SAP), ഡേറ്റാ അനാലിസിസ്, സൈബർ സെക്യൂരിറ്റി, ഗെയിം ഡിസൈൻ, വെബ് ഡിസൈൻ, അനിമേഷൻ, ഗ്രാഫിക് ഡിസൈൻ, യൂസർ എക്സ്പീരിയൻസ് ഡിസൈൻ (UXD) തുടങ്ങിയ കോഴ്സുകൾ അഭിരുചിയനുസരിച്ചു പഠിക്കുന്നതു നല്ലതാണ്.
ബിരുദ പഠനശേഷം എംസിഎ, എംഎസ്സി ( കംപ്യൂട്ടർ സയൻസ് / സോഫ്റ്റ്വെയർ എൻജിനീയറിങ് / ഡേറ്റാ സയൻസ് / സൈബർ സെക്യൂരിറ്റി ഓപ്പറേഷൻസ് റിസർച് / മീറ്റിയറോളജി) എംഎ ഗ്രാഫിക്സ് & അനിമേഷൻ, എംബിഎ ഇൻഫർമേഷൻ സിസ്റ്റംസ് തുടങ്ങി വൈവിധ്യമാർന്ന കോഴ്സുകൾ ലഭ്യമാണ്
സൂറത്കൽ, തിരുച്ചിറപ്പിള്ളി എന്നിവിടങ്ങളടക്കം വിവിധ എൻഐടികളിലും (ഇക്കൊല്ലം കോഴിക്കോട് എൻഐടി ഇല്ല) ഡൽഹി സർവകലാശാല, ജെഎൻയു, പൂന സർവകലാശാല, അണ്ണാ സർവകലാശാല എന്നിവിടങ്ങളിലുമുള്ള എംസിഎ, ചെന്നൈ മാത്തമറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എംഎസ്സി കംപ്യൂട്ടർ സയൻസ്, എംഎൻസി ഡേറ്റാ സയൻസ് ഡൽഹി സർവകലാശാലയിലെ എംഎസ്സി ഓപ്പറേഷൻസ് റിസർച്, ഐഐടി ഖരഗ്പൂർ, ഐഎസ്ഐ കൊൽക്കത്ത, ഐഐഎം കൽക്കട്ട എന്നിവ സംയുക്തമായി നടത്തുന്ന പിജി ഡിപ്ലോമ ഇൻ ബിസിനസ് അനലിറ്റിക്സ് എന്നിവ ശ്രദ്ധേയം. പ്രവേശനം എൻട്രൻസ് വഴി
കേരളത്തിൽ കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം (സിഇടി), തൃശൂർ ഗവ. എൻജിനീയറിങ് കോളജ് എന്നിവയിലേതടക്കമുള്ള എംസിഎയ്ക്ക് എൽബിഎസ് നടത്തുന്ന സ്റ്റേറ്റ് എംസിഎ എൻട്രൻസ് ടെസ്റ്റ് വഴിയാണു പ്രവേശനം. കൊച്ചി സർവകലാശാലയിലെ എംസിഎ, എംഎസി കംപ്യൂട്ടർ സയൻസ്, കേരള ഡിജിറ്റൽ സർവകലാശാലയിലെ എംഎസ്സി കംപ്യൂട്ടർ സയൻസ് എന്നിവയും മികച്ചതാണ്. പിജിക്കുശേഷം എംടെക്, പിഎച്ച്ഡി എന്നിവയ്ക്കും ശ്രമിക്കാവുന്നതാണ്..