ആദ്യമായി പ്രിലിമിനറി പരീക്ഷ എഴുതാൻ ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം

ആദ്യമായി പ്രിലിമിനറി പരീക്ഷ എഴുതാൻ ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം

നെഗറ്റീവിൽ വീഴരുത്

∙ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ എഴുതുന്ന പരീക്ഷയാണ്. മെയിൻ പരീക്ഷയ്ക്കു മുൻപു പരമാവധി പേരെ പുറത്താക്കുക എന്നു തന്നെയാണ് പിഎസ്‍സിയുടെ ലക്ഷ്യം. അതിനാൽ ഓരോ മാർക്കും നിർണായകം. നെഗറ്റീവ് മാർക്ക് വീഴാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. ചോദ്യം വായിച്ചാലുടൻ ചാടിക്കയറി ഓപ്ഷൻ നൽകേണ്ട. ഉത്തരമാണെന്ന് ഒറ്റനോട്ടത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ഓപ്ഷൻ ഒന്നാമതായി നൽകാറുണ്ട്. അതുകൊണ്ടു ചോദ്യം വായിച്ച് രണ്ടു സെക്കൻഡ് മനസ്സിൽ വിലയിരുത്തി ഉത്തരം കറുപ്പിക്കുക.

∙പേന കൊണ്ട് ഉത്തരം കറുപ്പിക്കാൻ അധികം സമയം കളയരുത് എന്നതും ഓർമ വേണം. തന്നിരിക്കുന്ന ബബിളിൽ കൃത്യമായി കറുപ്പിക്കണമെന്നേ ഉള്ളൂ.

∙പഠിച്ച കാര്യങ്ങൾ റിവൈസ് ചെയ്യുക എന്നതാണ് ഇനി പ്രധാനം. പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിച്ചു സമയം ഒരുപാട് കളയേണ്ടതില്ല.

∙കഴിഞ്ഞ വർഷത്തെ പ്രിലിംസ് പരീക്ഷയുടെ ചോദ്യപേപ്പറുകളിലൂടെ കണ്ണോടിക്കുന്നത് ആത്മവിശ്വാസം നൽകും. ഒന്നോ രണ്ടോ മാതൃകാ പരീക്ഷകൾ എഴുതി നോക്കാം.

∙ഇന്ത്യ, കേരളം, ഭരണഘടന എന്നീ വിഷയങ്ങൾ നേരത്തെ പഠിച്ചുവച്ചാലും ഓർമയിലുണ്ടാകും. എന്നാൽ കണക്ക്, മെന്റൽ എബിലിറ്റി എന്നിവ അവസാന ദിവസങ്ങളിൽ നോക്കിയില്ലെങ്കിൽ ഉത്തരമെഴുതാൻ കഴിയില്ല.

∙കടുത്ത മത്സരമുള്ള പരീക്ഷകളിൽ ഉദ്യോഗാർഥികളുടെ സമയം പരമാവധി കളയാൻ പിഎസ്‍സി ചില വിദ്യകൾ പ്രയോഗിക്കാറുണ്ട്. ഒന്നോ രണ്ടോ ചോദ്യത്തിന് ഓപ്ഷനിൽ മനഃപൂർവം ശരിയുത്തരം നൽകില്ല. കണക്കു ചെയ്തപ്പോൾ തെറ്റിയതാണെന്നു കരുതി ഉദ്യോഗാർഥികൾ വീണ്ടും ചെയ്തു നോക്കുന്നതോടെ സമയം പോകും. രണ്ടാം ശ്രമത്തിലും ഉത്തരം കിട്ടുന്നില്ലെങ്കിൽ അടുത്ത ചോദ്യത്തിലേക്കു പോകുക.

∙ആനുകാലിക വിവരങ്ങൾ പരീക്ഷയ്ക്കു രണ്ടു മാസം മുൻപു വരെയുള്ളതു പഠിച്ചാൽ മതി

∙ദേശീയ, സംസ്ഥാന തലങ്ങളിലെ പ്രധാന പദവികൾ പ്രധാന ഗവേഷണ കേന്ദ്രങ്ങൾ, ദേശീയ, സംസ്ഥാന തലങ്ങളിലെ പ്രധാന പദ്ധതികൾ എന്നിവ പഠിക്കാം. സാമൂഹികനീതി വകുപ്പിന്റെ പദ്ധതികൾ, വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ, കുടുംബശ്രീ എന്നിവ പരീക്ഷയുടെ തലേദിവസം വായിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

∙ഓരോ തസ്തികയും ഓരോ കട്ട് ഓഫ് ആയിരിക്കും എന്നതുകൊണ്ടു കുറഞ്ഞ ഒഴിവുള്ള തസ്തികകൾക്ക് കട്ട് ഓഫ് കൂടുതലായിരിക്കും. അതുകൊണ്ട് പ്രിലിമിനറി പരീക്ഷയിൽ പരമാവധി മാർക്ക് സ്കോർ ചെയ്യാൻ ആണ് ശ്രമിക്കേണ്ടത്.