ഇന്ത്യയിലെ നദികൾ ചോദ്യോത്തരങ്ങൾ Part 3
ഫറാക്ക തടയണ (ബാരേജ്)
- ഭാഗീരഥി-ഹൂഗ്ലി നദിയിലേക്കുള്ള ജലപ്രവാഹം വർധിപ്പിച്ച് കൽക്കട്ടാ തുറമുഖത്തെ കാര്യക്ഷമമാ ക്കുവാൻ ഗംഗയിൽ നിർമിച്ചതാണ് ഫറാക്ക് ബാരേജ്. ഇതിന്റെ നിർമാണം 1960-ൽ ആരംഭിച്ച് 1974-ൽ പൂർത്തിയായി.
- ലോകത്തിലെ ഏറ്റവും നീളം കൂടിയ തടയണകളിലൊന്നാണിത്.
- ഇതിന്റെ വലതുഭാഗത്തുനിന്ന് പുറപ്പെടുന്ന കനാൽ ജംഗിപ്പൂരിനുതാഴെ ഭാഗീരഥിയിൽ ചേരുന്നു.
മഹാത്മാ ഗാന്ധി സേതു
- ഗംഗയിൽ പാറ്റ്നയിലുള്ള മഹാത്മാ ഗാന്ധി സേതുവാണ് (ഗംഗാസേതുവെന്നും അറിയപ്പെടുന്നു) ഗം ഗയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഏറ്റവും വലിയ പാലം (5.575 കി.മീ.).
- ഗാമൺ ഇന്ത്യ ലിമിറ്റഡ് നിർമിച്ച് 1982-ൽ ഇന്ദിരാഗാന്ധി രാഷ്ട്രത്തിനു സമർപ്പിച്ച പാലം പാറ്റ്നയെയും ഹാജിപ്പൂരിനെയും ബന്ധിപ്പിക്കുന്നു.
യമുന
- ഗംഗയുടെ പോഷകനദികളിൽ ഏറ്റവും നീളം കൂടിയതും വലുപ്പത്തിൽ രണ്ടാം സ്ഥാനം ഉള്ളതുമായ നദി യമുനയാണ്.
- ഇന്ത്യയിലെ പോഷകനദികളിൽ ഏറ്റവും നീളം കൂടിയ നദി യമുനയാണ്.
- സമുദ്രത്തിൽ പതിക്കാത്ത ഇന്ത്യൻ നദികളിൽ ഏറ്റവും നീളംകൂടിയത് യമുനയാണ്.
- ഉത്തരാഖണ്ഡിൽ ലോവർ ഹിമാലയത്തിലെ യമുനോത്രി ഹിമാനിയിൽനിന്നാണ് യമുനയുടെ തുടക്കം.
- ഉത്തരാഖണ്ഡ്, ഹരിയാന, ഡൽഹി, ഉത്തർ പ്രദേശ് എന്നിവയിലൂടെ കടന്നുപോകുന്ന നദിക്ക് 1376 കിലോമീറ്റർ നീളമുണ്ട്.
- പുരാണങ്ങളിൽ കാളിന്ദി എന്ന പേരിൽ പരാമൃഷ്ടമായിട്ടുള്ള നദി യമുനയാണ്.
- ഹൈന്ദവ പുരാണ പ്രകാരം സൂര്യന്റെ മകളും യമന്റെ സഹോദരിയുമായ യമുനയെ യാമി എന്നും വിളിക്കുന്നു.
- ബാഗ്പെട്ട്, ഡെൽഹി, നോയ്ഡ, മധുര, ആഗ്ര, ഫിറോസാബാദ്, ഇട്ടാവ, കൽപി, ഹമിർപുർ എന്നിവ യമുനയുടെ തീരത്താണ്.
- ചംബൽ, കെൻ, ബേട്വ, സിന്ധ്, ടോൺസ്, ഋഷി ഗംഗ, ഹനുമാൻഗംഗ എന്നിവയും യമുനയിലാണ് ചേരുന്നത്.
- യമുനയിൽ ചംബൽ വന്നു ചേരുന്ന സ്ഥലമാണ് ഇട്ടാവ.
- മധ്യപ്രദേശിൽ ഇൻഡോറിൽ ജനപാവോ മലനിരകളിൽ ച൦ബൽ ഉദ്ഭവിക്കുന്നു. രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൂടിയും ഒഴുകുന്നു.
- ചംബൽ നദീതട പദ്ധതിയുടെ ഭാഗമായ അണക്കെട്ടുകളാണ് മധ്യപ്രദേശിലെ ഗാന്ധി സാഗർ ഡാം, രാജസ്ഥാനിലെ റാണാ പ്രതാപ് സാഗർ ഡാം, ജവാഹർ സാഗർ ഡാം, കോട്ട തടയണ എന്നിവ.
- ചംബലിന്റെ തീരത്തുള്ള പ്രധാന പട്ടണമാണ് രാജസ്ഥാനിലെ കോട്ട.
- ചംബലിന്റെ പോഷകനദിയായ ശിവയുടെ ഉദ്ഭവം ഇൻഡോറിനു സമീപമാണ്.
- മധ്യപ്രദേശിലെ കെയ്മൂർ മലനിരകളിൽ ഉദ്ഭവിക്കുന്നവയാണ് കെൻ നദിയും രാമായണത്തിൽ തമസ എന്ന പേരിൽ പരാമർശിക്കുന്ന ടോൺസ് നദിയും .
- മധ്യപ്രദേശിലെ വിന്ധ്യാനിരകളിലാണ് ബേട് വയുടെ ഉദ്ഭവം. മാതാതില അണക്കെട്ട് ഈ നദിയിലാണ്.
- യമുനയുടെ ഏറ്റവും വലിയ പോഷകനദിയാണ് ടോൺസ്. യമുനയിൽ ചേരുന്ന സമയത്ത് അത് യമുനയെക്കാൾ വലിയ ജലപവാഹമാണ്.
- ഗംഗയിൽ ചേരുന്ന നദികളിൽ ഏറ്റവും പടിഞ്ഞാറായി ഉദ്ഭവിക്കുന്ന നദിയാണ് പാബർ.
രാംഗംഗ
- ഉത്തരാഖണ്ഡിൽ ഹിമാലയത്തിലെ താഴ്ന്ന മലനിരകളിൽനിന്നാണ് രാംഗംഗയുടെ തുടക്കം.
- കോർബറ്റ് നാഷണൽ പാർക്കിലൂടെ ഒഴുകുന്ന നദിയുടെ തീരത്തുള്ള പ്രമുഖ നഗരമാണ് ബറേലി.
ഗോമതി
- ഉത്തർ പ്രദേശിൽ പിലിഭത്തിനു മൂന്നു കിലോമീറ്റർ കിഴക്കുനിന്ന് ഗോമതി ഉദ്ഭവിക്കുന്നു.
- ലക്നൗ , ലഖിംപൂർ ഖേരി, സുൽത്താൻപൂർ, ജൗൺപൂർ എന്നിവ ഗോമതീതീരത്താണ്.
- പുരാണപ്രകാരം, വസിഷ്ഠമുനിയുടെ പുത്രിയാണ് ഗോമതി.
ഗാഘ് ര
- ചൈനയിലെ ടിബറ്റ്, നേപ്പാൾ എന്നിവിടങ്ങളിലൂടെ ഒഴുകി ഇന്ത്യയിൽ പ്രവേശിച്ച് ഗംഗയിൽ ചേരുന്നു.
- നേപ്പാളിൽ 507 കി.മീ. പിന്നിടുന്ന ഗാഘ് ര അവിടത്തെ ഏറ്റവും നീളം കൂടിയ നദിയാണ്.
- നേപ്പാളിൽ കർനാലി എന്ന പേരിൽ അറിയപ്പെടുന്ന നദി 1080 കി.മീ. പിന്നിട്ടാണ് ബീഹാറിലെ ഡോറിഗഞ്ചിൽ വച്ച് ഗംഗയിൽ ചേരുന്നത്.
- ഗാഘ് രയിൽ ലയിക്കുന്ന മഹാകാളി അഥവാ ശാരദാ നദിയുടെ ഉദ്ഭവം നേപ്പാളിലെ കാലാപാനിയാണ്. 350 കിലോമീറ്ററാണ് നീളം. ഉത്തരാഖണ്ഡ് ഭാഗത്ത് ഇന്ത്യയുമായുള്ള നേപ്പാളിന്റെ പടിഞ്ഞാറൻ അതിർത്തിയായി വർത്തിച്ചുകൊണ്ട് മഹാകാളി ഒഴുകുന്നു.
- ഗാഘ് ര നദിയുടെ താഴ്ഭാഗത്തെ സരയൂ നദിയായി കണക്കാക്കുന്ന
ഭൗമശാസ്ത്രകാരൻമാരുണ്ട്. - രാമായണത്തിലെ അയോധ്യ സരയൂ നദിയുടെ തീരത്താണ്.
- മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ കോസല സിംഹാസനമൊഴിഞ്ഞശേഷം ഈ നദിയിൽ മുങ്ങി സ്വമേധയാ ജീവൻ വെടിഞ്ഞെന്നാണ് വിശ്വാസം.
- ഗംഗയുടെ പോഷകനദികളിൽ ഏറ്റവും കൂടുതൽ ജലവുമായി വന്നുചേരുന്നത് ഗാഘ് രയാണ്.