കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 7

പാഥേയം : ഒരു നേരം വിശപ്പടക്കാന്‍ വഴിയില്ലാത്ത അശരണര്‍ക്ക് വീട്ടില്‍ പൊതിച്ചോര്‍ എത്തിക്കുന്ന പദ്ധതി. കുടുംബശ്രീയുമായി സഹകരിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്.
പഠനവീട് : സ്കൂള്‍തലത്തില്‍ പഠനം ഉപേക്ഷിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനസൌകര്യം ഒരുക്കുന്നതിന് സര്‍വ്വ ശിക്ഷാ അഭിയാൻറെ നേതൃത്വത്തില്‍ ആവിഷ്കരിച്ച പദ്ധതി. ഇടുക്കി ജില്ലയിലെ മറയൂരില്‍ പദ്ധതിക്ക് തുടക്കമിട്ടു.
പിങ്ക് ബീറ്റ് : പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്ന പൊലീസ് സംവിധാനം. പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ തിരക്കേറിയ സമയങ്ങളില്‍ ബസ്, ബസ്സ്റ്റോപ്പ്, സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ സഞ്ചരിച്ച് പ്രശ്നങ്ങളുണ്ടായാല്‍ നടപടിയെടുക്കുന്ന പദ്ധതി.
പിങ്ക് പെട്രോള്‍: തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ 1515 ഡയല്‍ ചെയ്താല്‍ ജിഐഎസ്ജിപി എന്ന സംവിധാനത്തിലൂടെ കൃത്യമായി സ്ഥലം കണ്ടെടുത്ത് സഹായമെത്തിക്കുന്ന വനിതാ പോലീസ് വാഹന സംവിധാനമാണ് പിങ്ക് പെട്രോള്‍. ഡ്രൈവറുള്‍പ്പെടെ എല്ലാവരും വനിതകളായിരിക്കും.
പുനര്‍ജനി : തിരുവനന്തപുരം നഗരത്തിലെ ചേരികളിലെ കുട്ടികള്‍ക്കു പരിശീലനം നല്‍കി മികച്ച പൌരന്മാരായി വാര്‍ത്തെടുക്കുന്നതിന് ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രണ്ടുമാസത്തെ വേനല്‍ ക്യാമ്പാണ് പുനര്‍ജനി. എസ്സിഇആര്‍ടിയുടെ സഹകരണത്തോടെ 40 പേര്‍ക്കാണ് പരിശീലനം.
പുണ്യം – പുങ്കാവനം : ശബരിമലയിലെ ശുചീകരണവുമായി ബന്ധപ്പെട്ട പദ്ധതി.
പെപ്പര്‍ ടൂറിസം : ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിനോദസഞ്ചാര പദ്ധതി “പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പ്ലാനിങ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്‌പോണ്‍സിബിള്‍ ടൂറിസം’ എന്നതിന്റെ ചുരുക്കപ്പേരാണ് പെപ്പര്‍. കോട്ടയം ജില്ലയിലെ വൈക്കത്ത് പദ്ധതിക്ക് തുടക്കമിട്ടു.
പേയ്മെന്റ് ഗേറ്റ് വേ : സാമുഹിക സുരക്ഷാമിഷന്റെ ജനക്ഷേമ പദ്ധതികള്‍ സാക്ഷാത്കരിക്കുന്നതിനു രാജ്യത്തിനകത്തും പൂറത്തുമുളളവര്‍ക്ക് ചെറുതും വലുതുമായ തുകകള്‍ പേയ്മെന്റ് ഗേറ്റ് വേ വഴി സംഭാവന സ്വീകരിക്കുന്ന പദ്ധതി.
പ്രതീക്ഷ : ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കായി ഗ്രാമ ജില്ലാ പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന പദ്ധതി.
പ്രതീക്ഷാഭവന്‍ : ബുദ്ധിവൈകല്യമുള്ള 15 വയസ്സുകഴിഞ്ഞ പുരുഷന്മാര്‍ക്കുള്ള സ്ഥാപനം. മലപ്പുറം ജില്ലയിലെ തവനൂരില്‍ പ്രവര്‍ത്തിക്കുന്നു.