ഹരിത വിപ്ലവം – ചോദ്യോത്തരങ്ങൾ Part 1

ഹരിത വിപ്ലവം
കൃത്രിമ വളങ്ങൾ, കീടനാശിനികൾ, ആധുനിക ജലസേചന മാർഗ്ഗങ്ങൾ, അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ, ആധുനിക യന്ത്ര സംവിധാനങ്ങൾ എന്നിങ്ങനെ നൂതന കൃഷി രീതികൾ സ്വീകരിച്ചു് കാര്ഷികരംഗത്തുണ്ടാക്കിയ അത്ഭുതകരമായ മാറ്റമാണ് ഹരിത വിപ്ലവം. അന്താരാഷ്ട്രതലത്തിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ചത് നോർമൻ ഇ. ബോർലോഗ് എന്ന മെക്സിക്കൻ ശാസ്ത്രജ്ഞനാണ്. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ; എം. എസ്. സ്വാമിനാഥൻ.
എം.എസ്.സ്വാമിനാഥൻ:
അന്തർദേശീയ പ്രശസ്തിയുള്ള ഇന്ത്യയുടെ കൃഷിശാസ്ത്രജ്ഞനാണ് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ. പ്ലാനിങ് കമ്മീഷൻ അംഗമായിരുന്നു. മനിലയിലെ അന്തർദേശീയ റൈസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ജനറലാണ്. സ്വാമിനാഥന്റെ ശ്രമഫലമായി ഇന്ത്യയിലെ ഭക്ഷ്യധാന്യോല്പാദനം 1.2 കോടി ടണ്ണിൽനിന്നു 2.3 കോടി ടണ്ണായി ഉയർന്നു. അത്യുത്പാദനശേഷിയുള്ള ഗോതമ്പും അരിയും ഗവേഷണങ്ങളിലൂടെ ഉരുത്തിരിച്ചെടുക്കുന്നതിൽ, സ്വാമിനാഥൻ വിജയിച്ചു. കാർഷികപ്രശ്നങ്ങൾക്ക് തക്കതായ മാർഗനിർദേശങ്ങളും പരിഹാരങ്ങളും നൽകാനും അദ്ദേഹത്തിനു സാധിച്ചു. സ്വാമിനാഥൻ തന്റെ പ്രവർത്തനങ്ങളെ ഇന്ത്യയിൽ ഒതുക്കിനിർത്തിയില്ല. അദ്ദേഹം നിരവധി അന്തർദേശീയ സ്ഥാപനങ്ങൾ സ്ഥാപിച്ചു. ഉഷ്ണമേഖലാ രാജ്യങ്ങളിലെ അർദ്ധതരിശായ സ്ഥലങ്ങൾക്കുവേണ്ടി ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അഗ്രികൾച്ചർ റിസർച്ച് സിസ്റ്റംസ് ഫോർ ഡവലപ്മെന്റ് എന്നിവ അവയ്ക്ക് ഉദാഹരണങ്ങളാണ്. 1964ൽ ഹരിത വിപ്ലവത്തിനു തുടക്കം കുറിച്ച സ്വാമിനാഥന് 1987ൽ ഫുഡ് പ്രൈസ്, 1991ൽ ടൈലർ ആൻഡ് ഹോണ്ട പ്രൈസ്, 1994ൽ യു.എൻ.ഇ.പി സസകാവ അവാർഡ്, പത്മഭൂഷൺ, പത്മവിഭൂഷൺ, മാഗ്സസേ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.