Confusing Facts: PSC Questions in Malayalam Part 6

ആധുനികഭാരതം
ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകാന്‍ സഹായകമായ പ്ലാസി യുദ്ധം നടന്നത് 1757-ല്‍ ബംഗാളിലാണ്. എന്നാല്‍, 1764-ല്‍ ബീഹാറില്‍നടന്ന ബക്സാര്‍ യുദ്ധത്തോടെയാണ് ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ മേധാവിത്വം ഉറപ്പിച്ചത്.
വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത് അരവിന്ദഘോഷാണ്. വന്ദേമാതരം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത് സുബ്രഹ്മണ്യഭാരതിയാണ്. രബീന്ദ്രനാഥ് ടാഗോര്‍ രചിച്ച ജനഗണമന ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തത് ടാഗോര്‍ തന്നെയാണ്.
മഹര്‍ഷി എന്നറിയപ്പെട്ട ഭാരതരത്നം നേടിയ വ്യക്തിയാണ് ഡി.കെ കാര്‍വേ. രാജര്‍ഷി എന്നറിയപ്പെട്ടത്‌പുരുഷോത്തംദാസ് ഠണ്ഡന്‍.
സെർവന്റ്‌സ് ഓഫ് ഇന്ത്യ എന്ന സംഘടന സ്ഥാപിച്ചത് ഗോപാലകൃഷ്ണ ഗോഖലെ ആണ്. സെർവന്റ്‌സ് ഓഫ് ഗോഡ് സ്ഥാപിച്ചത് ഖാന്‍ അബ്ദുൾ ഗഫാർ ഖാൻ.
ബ്രിട്ടിഷുകാര്‍ ഫോര്‍ട്ട് വില്യം നിര്‍മിച്ചത് കല്‍ക്കട്ട (കൊല്‍ക്കത്ത) യിലാണ്. സെന്റ് ജോര്‍ജ് കോട്ട നിര്‍മിച്ചത് മദ്രാസില്‍ (ചെന്നൈ) ആണ്.
ടിപ്പു സുല്‍ത്താനില്‍ നിന്ന് മലബാര്‍ ബ്രിട്ടീഷുകാര്‍ക്കു ലഭിച്ച വര്‍ഷം 1792 ആണ്. ബ്രിട്ടീഷ് മലബാര്‍ നിലവില്‍വന്നത് 1793-ലാണ്. അപ്പോള്‍ ബോംബെ പ്രവിശ്യയുടെ കീഴിലായിരുന്നു മലബാര്‍. മലബാറിനെ ബോംബെ പ്രവിശ്യയില്‍ നിന്നുമാറ്റി മദ്രാസ് പ്രവിശ്യയോട് ചേര്‍ത്ത വര്‍ഷം 1800.
ക്വിറ്റിന്ത്യാ സമരകാലത്ത് ആദ്യത്തെ സമാന്തര സര്‍ക്കാര്‍ നിലവില്‍ വന്നത് ബലിയ എന്ന സ്ഥലത്താണ്. ഏറ്റവും കുടുതല്‍ കാലം പ്രവര്‍ത്തിച്ച സമാന്തര സര്‍ക്കാര്‍ സത്താറയിലേതായിരുന്നു.
തെക്കുനിന്നുള്ള യോദ്ധാവ് എന്നറിയപ്പെട്ടത് സി.രാജഗോപാലാചാരി. തെക്കേ ഇന്ത്യയിലെ സിംഹം എന്നു വിളിച്ചത് വിജയരാഘവാചാര്യയെ ആണ്.
ദേശബന്ധു എന്നറിയപ്പെട്ടത് സി.ആര്‍.ദാസ്. വംഗബന്ധു ഷെയ്ഖ് മുജീബ് റഹ്മാന്‍.
ബര്‍മയും ഏഡനും ബ്രിട്ടിഷ് ഇന്ത്യയില്‍നിന്ന് വേര്‍പെടുത്തിയ നിയമമാണ് 1935 -ലെ ഗവ.ഓഫ് ഇന്ത്യ നിയമം. ഇന്ത്യയെ വിഭജിച്ച് പാകിസ്താന്‍ രൂപം നല്‍കിയ
നിയമമാണ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട്.
പ്രാദേശിക കാരണങ്ങള്‍ മുഖേനയല്ലാതെ യൂറോപ്പിലെ ഓസ്ട്രിയന്‍ പിന്തുടര്‍ച്ചാവകാശ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നടന്ന ഏറ്റുമുട്ടലാണ് ഒന്നാം കര്‍ണാട്ടിക യുദ്ധം.യുറോപ്പില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും
തമ്മില്‍ നടന്ന സപ്തവത്സര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നടന്ന യുദ്ധമാണ് മൂന്നാം കര്‍ണാട്ടിക് യുദ്ധം.
ബ്രിട്ടിഷ് ഇന്ത്യയില്‍ മേയോ കോളേജ് സ്ഥാപിതമായത് അജ്മീരിലും റിപ്പണ്‍ കോളേജ് സ്ഥാപിതമായത് കല്‍ക്കട്ടയിലും ലേഡി ഇര്‍വിന്‍ കോളേജ് സ്ഥാപിതമായത് ഡല്‍ഹിയിലുമാണ്.