ഇഷ്ടപ്പെട്ട ജോലിയിലേക്കെത്താൻ 5 വഴികൾ; ഡിഗ്രി കഴിഞ്ഞ് കരിയറിലേക്ക് യുടേൺ എടുക്കാം

find job

പ്ലസ് ടു കഴിഞ്ഞ ശേഷം എല്ലാവരും ചെയ്യുന്നതുപോലെ ഡിഗ്രി എടുത്തു. ഡിഗ്രി കഴിയാറായപ്പോഴാണ് ഇനി അടുത്തതെന്ത് എന്ന ചിന്ത തലപൊക്കിയത്. ഇഷ്ടപ്പെട്ട കരിയറിലേക്ക് യുടേൺ എടുക്കാനുള്ള കൃത്യമായ നിമിഷമിതാണെന്ന് ഓർമിപ്പിക്കുകയാണ് കരിയർ ഗൈഡൻസ് വിദഗ്ധൻ എം.എസ്. ജലീൽ. മനോരമ ഹൊറൈസൺ വിദ്യാഭ്യാസ
പ്രദർശനത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന “പ്ലസ് ടുവിനു ശേഷം എന്ത് എന്ന കരിയർ ഗൈഡൻസ് ക്ലാസ്സിൽ സംസാരിക്കുമ്പോഴാണ് ഇഷ്ടപ്പെട്ട ജോലിയിലേക്കു നയിക്കുന്ന അഞ്ചു മാർഗങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

മൽസര പരീക്ഷകൾ

ഡിഗ്രി കഴിഞ്ഞൊരു ജോലിയാണു ലക്ഷ്യമെങ്കിൽ മത്സരപരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ ആരംഭിക്കാം. സർക്കാർ ജോലികൾക്കുള്ള ഒരുപാട് പരീക്ഷകളുണ്ട്. അവനവന് യോജിക്കുന്ന, എറ്റവും കൂടുതൽ പ്രാവീണ്യമുള്ള വിഷയത്തെ ആസ്പദമാക്കിയുള്ള പരീക്ഷകളെഴുതാം. ബാങ്കിങ്, ടീച്ചിങ്, റെയിൽവേ, ഇക്കണോമിക്കൽ സർവീസ് എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പരീക്ഷകൾക്കു വേണ്ടി അഭിരുചിയനുസരിച്ച് തയാറെടുക്കാം.

ബിരുദാനന്തര ബിരുദ കോഴ്‌സുകൾ

പഠിച്ച വിഷയത്തിൽ കൂടുതൽ പ്രാവീണ്യം നേടിയശേഷം മതി ജോലി എന്നുള്ളവർക്ക് ഡിഗ്രി കഴിഞ്ഞു മാസ്റ്റേഴ്സ് എടുക്കാം. കൂടുതൽ പ്രായോഗികമായ തലങ്ങളിൽ അറിവു നേടാനും അതനുസരിച്ചു കരിയർ മേഖല തിരഞ്ഞെടുക്കാനും ഇതുവഴി സാധിക്കും. മാസ്റ്റേഴ്സിനു ശേഷം ഗവേഷണ പ്രോഗ്രാമുകൾ ചെയ്യാനുള്ള സാധ്യതയുമുണ്ട്.

ജോബ് റെഡി കോഴ്‌സുകൾ

പെട്ടെന്നു ജോലി കിട്ടുന്ന ഷോർട്ട് ടേം കോഴ്സുകളാണ് ഇത്. പഠിച്ചുകഴിഞ്ഞ ഉടൻ ജോലി ഉറപ്പുനൽകുന്ന അംഗീകൃത സ്ഥാപനങ്ങളിൽനിന്നു തന്നെ കോഴ്സ് ചെയ്യുക. ചെറിയ കാലം കൊണ്ടു പൂർത്തിയാക്കാവുന്ന, പ്രായോഗികമായ നിരവധി കോഴ്സുകൾ ഉണ്ട്. ഡിഗ്രി കഴിഞ്ഞ് ഇഷ്ടമേഖല നിങ്ങൾക്കു തന്നെ തിരഞ്ഞെടുക്കാം.

ഓപ്പൺ ടു എവരിവൺ കോഴ്‌സുകൾ

ഏതു ഡിഗ്രി എടുത്തവർക്കും ചെയ്യാൻ പറ്റുന്ന കോഴ്സുകളുണ്ട്. എൽഎൽബി, എംഎസ്സി, എംബിഎ, ജേണലിസം, പബ്ലിക് റിലേഷൻ എന്നിങ്ങനെയുള്ള കോഴ്സുകൾ പഠിച്ചാൽ കഴിവിനനുസരിച്ചുള്ള ധാരാളം അവസരങ്ങളുണ്ട്.

ഫെലോഷിപ്പ് ടെസ്‌റ്റുകൾ

പലതരത്തിലുള്ള ഫെലോഷിപ്പ് പ്രോഗ്രാമുകളുണ്ട്. സയന്റിഫിക്, ഹ്യുമാനിറ്റേറിയൻ, ഇക്കണോമിക് മേഖലകളിലെല്ലാം ഫെലോഷിപ്പിന് അപേക്ഷിക്കാം. വിവിധ കൗൺസിലുകൾ, ഫൊറൻസിക് ഡിപ്പാർട്ട്മെന്റ്, ആറ്റമിക് ഡിപ്പാർട്ട്മെന്റ് എന്നിവരും വിദ്യാർഥികൾക്കു ഫെലോഷിപ്പ് പ്രോഗ്രാമുകൾ കൊടുക്കുന്നുണ്ട്. ഡിഗ്രി കഴിഞ്ഞവർക്കു പിന്തുടരാവുന്ന നല്ലൊരു ആശയമാണിത്.