ബ്രിട്ടീഷ് ഇന്ത്യയിലെ കലാപങ്ങള്‍ – പ്രധാന വസ്തുതകൾ Part 6

psc

കലാപങ്ങളിലേക്ക്‌ നയിച്ച ബ്രിട്ടീഷ്‌ നയങ്ങള്‍

ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നിരവധി നിയമങ്ങളും, അവരുടെ തെറ്റായ നയങ്ങളുമാണ് ഈ കലാപങ്ങൾക്ക് കാരണമായത്.

ശാശ്വത ഭൂനികുതിവ്യവസ്ഥ

ജമീന്ദാരി’ എന്നും അറിയപ്പെട്ട ശാശ്വത ഭൂനികുതി വ്യവസ്ഥ രൂപവത്കരിച്ചത്‌ ഗവര്‍ണര്‍ ജനറല്‍ കോണ്‍വാലിസ്‌ ആണ്‌. ബംഗാള്‍, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളിലാണ്‌ ഇത്‌ നടപ്പാക്കിയത്‌. ഇതിലൂടെ ജമീന്ദാര്‍മാരും കരംപിരിവുകാരും ഭൂവുടമകളായിമാറി. അവര്‍ നികുതിപിരിച്ചുകൊണ്ടിരുന്ന പ്രദേശങ്ങളിലെ മുഴുവന്‍ ഭൂമിയുടെയും ഉടമസ്ഥരായിപ്രഖ്യാപിക്കപ്പെട്ടു. മുന്‍പ്‌ ഭൂമിയില്‍ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന കൃഷിക്കാര്‍ കുടിയാന്മാര്‍ മാത്രമായിമാറി.

റയറ്റുവാരി

സര്‍ തോമസ്‌ മണ്‍റോ മദ്രാസ്‌ ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ 1820-ല്‍ നടപ്പാക്കിയതാണ്‌ റയറ്റുവാരി വ്യവസ്ഥ. പിന്നീട്‌ ബോംബെ ഉള്‍പ്പെടുന്ന പശ്ചിമേന്ത്യയിലേക്കും ഇത്‌ വ്യാപിപ്പിച്ചു. ഈ ഭൂനികുതിവ്യവസ്ഥ കര്‍ഷകരെ പണിയെടുത്തിരുന്ന നിലത്തിന്റെ ഉടമകളാക്കി മാറ്റി. കർഷകനിൽനിന്ന്‌ നികുതി പിരിച്ചിരുന്നത്‌ റവന്യൂ ഉദ്യോഗസ്ഥനായിരുന്നു. നികുതി നല്‍കുന്നിടത്തോളം കര്‍ഷകനെ ഭൂമിയില്‍നിന്ന്‌ ഒഴിപ്പിക്കില്ല എന്ന വ്യവസ്ഥ ഉണ്ടായിരുന്നു.

മഹല്‍വാരി

മാല്‍ഗുസാരിവ്യവസ്ഥ, കൂട്ടുഗ്രാമ വ്യവസ്ഥ എന്നിങ്ങനെയും അറിയപ്പെടുന്ന മഹല്‍വാരി ഭൂനികുതിരീതി 1830-കളിലാണ്‌ അവതരിപ്പിച്ചത്‌. വെല്ലസ്സിപ്രഭു ആവിഷ്കരിച്ച മഹല്‍വാരി പഞ്ചാബ്‌, ഗംഗാസമതലം എന്നിവിടങ്ങളിലാണ്‌ നടപ്പാക്കിയത്‌. ജമീന്ദാരിയുടെ പരിഷ്കരിച്ച രൂപമായിരുന്നു മഹല്‍വാരി. ഇതു പ്രകാരം ഗ്രാമങ്ങളിലെയും എസ്റ്റേറ്റുകളിലെയും തലവന്മാരുമായാണ്‌ കമ്പനി നികുതിവ്യവസ്ഥയില്‍ ഏര്‍പ്പെട്ടത്‌. ഇതിലൂടെ കൃഷി ചെയ്തിരുന്ന ഭൂവുടമകള്‍ കുടിയാന്മാരായി മാറി.

സൈനികസഹായ വ്യവസ്ഥ

ഗവര്‍ണര്‍ ജനറല്‍ വെല്ലസ്സിയാണ്‌ (1798-1805) സൈനികസഹായ വ്യവസ്ഥയുടെ ശില്പി. ഇതു പ്രകാരം, ബ്രിട്ടീഷുകാരുമായി സഖ്യത്തില്‍ ഏർപ്പെടുന്ന ഇന്ത്യന്‍ ഭരണാധികാരി തന്റെ രാജ്യാതിര്‍ത്തിക്കുള്ളില്‍ സ്ഥിരമായി ഒരു ബ്രിട്ടീഷ്സൈന്യത്തെ നിലനിര്‍ത്തുകയും അതിന്റെ ചെലവുവഹിക്കുകയുംവേണം. രാജ്യത്ത്‌ ബ്രിട്ടീഷ്‌ പ്രതിനിധിയെ (റെസിഡന്റ്‌) രാജാവ്‌ നിയമിക്കണം. ബ്രിട്ടീഷുകാരുടെ സമ്മതമില്ലാതെ മറ്റൊരു യൂറോപ്യനെയും നിയമിക്കില്ല എന്നും ഗവര്‍ണര്‍ ജനറലിനോട്‌ ആലോചിക്കാതെ മറ്റൊരു ഭരണാധികാരിയുമായി സന്ധിസംഭാഷണത്തില്‍ ഏര്‍പ്പെടുകയില്ലതെന്നും കരാര്‍വ്യവസ്ഥ ഉണ്ടായി. ഇതിനു പകരം സൈനികസഹായ വ്യവസ്ഥയില്‍ ഏര്‍പ്പെടുന്ന നാട്ടുരാജ്യത്തെ ബ്രിട്ടീഷുകാര്‍ സംരക്ഷിക്കും. ബ്രിട്ടീഷുകാരുടെ സൈനികസഹായ വ്യവസ്ഥയില്‍ ചേര്‍ന്ന ആദ്യത്തെ നാട്ടുരാജ്യം ഹൈദരാബാദാണ്‌.

ദത്തവകാശ നിരോധന നിയമം

ഗവര്‍ണര്‍ ജനറല്‍ ഡല്‍ഹൌസിയാണ്‌ (1848-56) ദത്തവകാശ നിരോധന നിയമം നടപ്പാക്കിയത്‌. അനന്തരാവകാശികള്‍ ഇല്ലാത്ത ഒരു നാട്ടുരാജ്യത്തിന്‌ കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം ഇതിലൂടെ നഷ്ടമായി. ഇതുമൂലം അവകാശികള്‍ ഇല്ലാതെവരുന്ന നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ്‌ ഇന്ത്യയോട്‌ കൂട്ടിച്ചേര്‍ത്തു. ദത്തവകാശ നിരോധന നിയമത്തിലൂടെ ബ്രിട്ടിഷുകാര്‍ പിടിച്ചെടുത്ത ആദ്യത്തെ നാട്ടുരാജ്യമാണ്‌ സത്താറ (1848). ജയ്പുര്‍, സാംബല്‍പുര്‍, ഛോട്ടാ ഉദയ്പുര്‍, ഝാന്‍സി, നാഗ്പുര്‍ എന്നിവയും ഈ വ്യവസ്ഥയിലൂടെ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത നാട്ടുരാജ്യങ്ങളാണ്‌.



Leave a Reply

Your email address will not be published. Required fields are marked *