ബ്രിട്ടീഷ് ഇന്ത്യയിലെ കലാപങ്ങള്‍ – പ്രധാന വസ്തുതകൾ Part 2

psc

ഗോത്രവര്‍ഗ കലാപങ്ങള്‍

നാണ്യവിളകള്‍ കൃഷിചെയ്യാനായി ബ്രിട്ടീഷ്‌ തോട്ടമുടമകള്‍ ഗോത്രഭൂമികള്‍ കയ്യേറി. ഇവിടെനിന്നും പുറത്താക്കപ്പെട്ട ഗോത്രവര്‍ഗക്കാര്‍ കടുത്ത ചൂഷണങ്ങള്‍ക്കിരയായി. ഗോത്രവര്‍ഗങ്ങളുടെ ചില ആചാരങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചതും മിഷനറിമാരുടെ മതപരിവര്‍ത്തനവും കലാപത്തിന്റെ കാരണങ്ങളായിമാറി.

1. സന്താള്‍ ലഹള

ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ നേരിട്ട ഏറ്റവും വലിയഗോത്രവര്‍ഗ കലാപമാണ്‌ 1855-56 കാലത്തെ സന്താള്‍ലഹള. ബിഹാര്‍-ബംഗാള്‍ മേഖലയിലെ കര്‍ഷകരായ ഗോത്ര വര്‍ഗക്കാരായിരുന്നു സന്താളുകള്‍. ബ്രിട്ടീഷുകാരുടെ ശാശ്വതഭൂനികുതി വ്യവസ്ഥ സന്താള്‍ കര്‍ഷകരുടെ കൃഷിഭൂമി ജമീന്ദാര്‍മാരുടെ കൈകളിലെത്താന്‍ ഇടയാക്കി.
ചൂഷണങ്ങളും പീഡനങ്ങളും അസഹനീയമായതോടെ സന്താള്‍ കര്‍ഷകര്‍ കലാപത്തിനൊരുങ്ങി.1854 ല്‍ ഗോത്രമുഖ്യന്‍മാര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ 6000 ത്തിലേറെപ്പേര്‍ പങ്കെടുത്തു. ബ്രിട്ടീഷുകാരെ തങ്ങളുടെ മേഖലകളില്‍നിന്നും പുറത്താക്കി സത്യയുഗം കൊണ്ടുവരണമെന്ന്‌ തീരുമാനമായി.
സന്താള്‍ സഹോദരന്‍മാരായ സിദ്ദു, കാനു എന്നിവരാണ്‌ കലാപത്തിന്‌ നേതൃത്വം നല്‍കിയത്‌. അറുപതിനായിരത്തോളം സന്താളുകള്‍ കലാപത്തില്‍ പങ്കെടുത്തു. ബ്രിട്ടീഷുകാര്‍ പട്ടാളത്തെ രംഗത്തിറക്കിയാണ്‌ സന്താള്‍ കലാപം അടിച്ചമര്‍ത്തിയത്‌. പതിനഞ്ചായിരത്തിലേറെപ്പേര്‍ സന്താള്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. 1856 ല്‍ കലാപം പൂര്‍ണമായും അടിച്ചമര്‍ത്തി.

2. കോള്‍ ലഹള

ഛോട്ടാനാഗ്പൂരിലെ ഗോത്രവര്‍ഗക്കാരായ കോളുകള്‍ 1831 ലാണ്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപംആരംഭിച്ചത്‌. തങ്ങളുടെ ഗോത്രമുഖ്യന്‍മാരുടെ കീഴില്‍ സ്വയംഭരണം അനുഭവിച്ചുവന്ന കോള്‍ ഗോത്രത്തിന്‌ ബ്രിട്ടീഷുകാരുടെ വരവ്‌ ഭീഷണിയായി. കൂടാതെ ഗോത്രവര്‍ഗമേഖലകള്‍ ബ്രിട്ടീഷുകാര്‍ക്ക്‌ നല്‍കിയ പ്രാദേശിക ഭരണാധികാരികളുടെ നടപടിയും അവസ്ഥ കൂടുതല്‍ വഷളാക്കി. ഉദ്യോഗസ്ഥര്‍, പലിശക്കാര്‍ എന്നിവരായിരുന്നു കലാപകാരികളുടെ മുഖ്യലക്ഷ്യങ്ങള്‍. റാഞ്ചി, ഹസാരിബാഗ്‌, പലമാവു പ്രദേശങ്ങളായിരുന്നു കലാപത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍.
ബുദ്ധു ഭഗത്ത്‌, ജോവ ഭഗത്ത്‌, മദാര മഹതോ എന്നിവരായിരുന്നു കോള്‍ ലഹളയിലെ നേതാക്കള്‍.

3. ഭീലുകളുടെ കലാപം

മഹാരാഷ്ട്രയിലെ ഖണ്ഡേഷ്‌ മേഖലയിലെ ഭീല്‍ ഗോത്രക്കാര്‍ 1817-19 കാലത്ത്‌ സേവാറാമിന്റെ നേതൃത്വത്തില്‍ കലാപം നടത്തി. തങ്ങളുടെ പ്രദേശങ്ങളിലേക്കുള്ള ബ്രിട്ടീഷുകാരുടെ കടന്നുകയറ്റമാണ്‌ ഭീല്‍കലാപത്തിലേക്ക്‌ നയിച്ചത്‌.

4. ചുവാര്‍ ലഹള

ബംഗാളിലെ മിഡ്നാപ്പൂര്‍ മേഖലയിലെ ചുവാര്‍ ഗോത്രക്കാര്‍ 1766 ല്‍ നടത്തിയ കലാപത്തിന്‌ ക്ഷാമം, വര്‍ധിപ്പിച്ച ഭൂനികുതി തുടങ്ങിയവയായിരുന്നു കാരണങ്ങൾ.

5. അഹോം സമരം

1828-ല്‍ അസമിലാണ്‌ അഹോം ലഹള നടന്നത്‌. അസം മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ബ്രിട്ടീഷ്‌ ശ്രമങ്ങളാണ്‌ ലഹളയിലേക്ക്‌ നയിച്ചത്‌. ഗോംധര്‍ കോണ്‍വറാണ്‌ അഹോം ലഹള നയിച്ചത്‌.

6. കുറിച്യ കലാപം

വയനാട്ടിലെ കുറിച്യര്‍ 1812 മാര്‍ച്ചിലാണ്‌ ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയത്‌. രാമനമ്പിയാണ്‌ കലാപം നയിച്ചത്‌. മലബാര്‍ കളക്ടറായിരുന്ന തോമസ്‌ വാര്‍ഡന്‍ ഭൂനികുതി അന്യായമായിവര്‍ധിപ്പിച്ചതും നികുതി പണമായി നല്‍കണമെന്ന്‌ വ്യവസ്ഥ ചെയ്തതുമാണ്‌ കലാപത്തിന്‌ കാരണമായത്‌. ഭൂനികുതി
അന്നേവരെ സാധനങ്ങളായാണ്‌ കുറിച്യര്‍ നല്‍കിപ്പോന്നിരുന്നത്‌. 1812 മെയ്‌ മാസത്തോടെ ബ്രിട്ടീഷുകാര്‍ കലാപം അടിച്ചമര്‍ത്തി.



Leave a Reply

Your email address will not be published. Required fields are marked *